കരുനാഗപ്പള്ളി: ഇരുചക്ര വാഹനയാത്രക്കാരടെയും സൈക്കിള്‍ യാത്രക്കാരുടെയും നേര്‍ക്ക് കരുനാഗപ്പള്ളിയില്‍ പലയിടത്തും തെരുവുനായകള്‍ കുരച്ചു ചാടുന്നത് അപകട ഭീതി ഉയര്‍ത്തുന്നു.
റോഡരികില്‍ നിക്ഷേപിക്കുന്ന മാലിന്യം കഴിക്കാനെത്തുന്ന തെരുവു നായകളാണ് രാത്രിയില്‍ സൈക്കിളിലും ഇരുചക്ര വാഹനങ്ങളിലും എത്തുന്ന യാത്രക്കാരെ ആക്രമിക്കുന്നത്. പകല്‍ സമയങ്ങളില്‍ വിജനമായ സ്ഥലങ്ങളിലും കാടുപിടിച്ചു കിടക്കുന്ന സ്ഥലങ്ങളിലുമാണ് തെരുവുനായകള്‍ കിടക്കുന്നത്.
പെണ്‍കുട്ടികള്‍ക്ക് ഒറ്റയ്ക്ക് യാത്ര ചെയ്യാന്‍ കഴിയാത്ത സ്ഥിതിയാണ് പലയിടത്തുമുള്ളത്. ഇവര്‍ക്കുനേരെ തെരുവുനായകള്‍ കുരച്ചു ചാടുകയാണ്. തെരുവുനായ്ക്കളെ ഭയന്ന് പ്രഭാതസവാരി പലരും നിര്‍ത്തിയിരിക്കുകയാണ്. നടക്കാനിറങ്ങുന്നവര്‍ കുടയോ വടിയോ കരുതുന്നു.
ഒറ്റയ്ക്കുള്ള നടത്തം പലരും നിര്‍ത്തി. കൂട്ടമായാണ് നടക്കുന്നത്. പലയിടത്തും ഗ്രാമീണ റോഡുകളും തെരുവുനായ്ക്കള്‍ കൈയടക്കിയിരിക്കുകയാണ്.
വീടുകളില്‍ വളര്‍ത്തുന്ന കോഴികളെ കൂടുകള്‍ തകര്‍ത്ത് കടിച്ചു കൊണ്ടുപോകുന്ന സംഭവങ്ങള്‍ പലയിടത്തും ഉണ്ടായി. മതിലിനുള്ളില്‍ ഉള്ള വീടുകളില്‍ പോലും സുരക്ഷിതമല്ലാത്ത സ്ഥിതിയാണുള്ളത്.
അക്രമകാരികളായ തെരുവ് നായ്ക്കളില്‍ നിന്നും ജനങ്ങളെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം തദ്ദേശ ഭരണകൂടങ്ങള്‍ക്കാണ്.
അക്രമകാരികളായ നായ്ക്കളെ ഉന്മൂലനം ചെയ്യാമെന്ന ഉത്തരവ് നിലവിലുണ്ടായിട്ടുപോലും ബന്ധപ്പെട്ടവര്‍ ഇക്കാര്യത്തില്‍ മൗനം പാലിക്കുകയാണ്.
തെരുവുനായകൾ പെറ്റുപെരുകുന്നു
തെരുവില്‍ നായകള്‍ പെറ്റുപെരുകുകയാണ്. കോവിഡ് കാലത്ത് ആനിമൽ ബെർത്ത് കൺട്രോൾ (എബിസി) നിലച്ചതോടെയാണ് തെരുവുനായകളുടെ എണ്ണം വര്‍ധിച്ചു തുടങ്ങിയത്.
കോടതി നിര്‍ദേശ പ്രകാരം എബിസി നടത്തി തെരുവുനായകളുടെ എണ്ണം നിയന്ത്രിക്കേണ്ടതുണ്ട്. നായപിടിത്തക്കാരെ നിയോഗിച്ച് നായകളെ പിടികൂടി വന്ധ്യംകരിച്ച് സുരക്ഷിത സ്ഥാനങ്ങളില്‍ പാര്‍പ്പിച്ചശേഷം പിടികൂടിയ സ്ഥാനങ്ങളില്‍ തിരികെ വിടണമെന്നാണ് കോടതി നിര്‍ദേശം.
കോടതി നിര്‍ദേശ പ്രകാരം എബിസി നടത്തിയാലും പിടികൂടുന്ന സ്ഥലത്തുതന്നെ തിരികെ വിടുന്നതിനാല്‍ നായകളുടെ ശല്യം പ്രദേശത്ത് തുടരുകയാണ്.
അനഗരസഭയ്ക്ക് മൗനം
ക്രമകാരികളായ തെരുവുനായ്ക്കളില്‍ നിന്നും ജനങ്ങളെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം തദ്ദേശ സ്ഥാപനങ്ങള്‍ക്കാണ്.
അക്രമകാരികളായ തെരുവുനായകളെ ഉന്മൂലനം ചെയ്യാന്‍ സുപ്രീംകോടതി ഉത്തരവിറക്കിയിട്ടുണ്ട്. എന്നാല്‍ കരുനാഗപ്പള്ളി നഗരസഭ അതൊന്നും നടപ്പാക്കുന്നില്ല.
അതിനാല്‍ തെരുവുനായകള്ക്ക ഭക്ഷണം നല്കുന്നതു കണ്ടാല്‍ ഫോട്ടോയും വീഡിയോയും എടുത്ത് നാട്ടുകാര്‍ക്ക് പൊലിസില്‍ പരാതി നല്‍കാനാകും.